Monday, March 6, 2017

കഴുവേറിക്കാറ്റ്

പടുപട്ടിണി ചാഞ്ഞമരും ചെറു
ചായ്പ്പിനിരുള്‍ത്തുണ്ടില്‍
ഉരിയരിയിലുറഞ്ഞടിയും നെടു-
വീര്‍പ്പുകള്‍ പൂക്കുമ്പോള്‍
കുഴിയെത്തിയ കണ്ണുകളില്‍ പുഴ
വറ്റിമരിക്കുമ്പോള്‍
കഴുവേറിക്കാറ്റു ചിരിച്ചു
തകര്‍ത്തു തിമിര്‍ക്കുന്നേ !
മതവിപണികള്‍; രാഷ്ട്രീയത്തി-
ന്നിടനിലയുടയോന്‍മാര്‍
തല നിലവിലയിട്ടുമുറിച്ചു
വലിപ്പം നേടുമ്പോള്‍
പുതുചോരപരന്നമണം ചെറു
ചൂരു ചുരത്തുമ്പോള്‍
കഴുവേറിക്കാറ്റു ചിരിച്ചു
തകര്‍ത്തു തിമിര്‍ക്കുന്നേ !
തളിരഴകുകള്‍ പൂത്ത രവം വൃഷ-
ണങ്ങളിലെത്തുമ്പോള്‍
ഉടലിടകളിലായുധമേറ്റി
വരുന്ന ശിഖണ്ഡികളാല്‍
അടിമുടി മുറിവേറ്റുലയുന്നൊരു
തേങ്ങലു കണ്ടിട്ടോ
കഴുവേറിക്കാറ്റു ചിരിച്ചു
തകര്‍ത്തു തിമിര്‍ക്കുന്നേ !
മരനിരകളുമരുവിയുമൊരു പിടി-
യായമരുമ്പോഴും
മലമുകളുകളേറിയ കല്ലുകള്‍
താഴേയ്ക്കുരുളുമ്പോള്‍
മനമിടറിയ നാറാണത്തിന്‍
ബോധ്യമുറച്ചിട്ടോ
കഴുവേറിക്കാറ്റു ചിരിച്ചു
തകര്‍ത്തു തിമിര്‍ക്കുന്നേ..!!!

No comments:

Post a Comment