Tuesday, November 10, 2015

കാവ്

തണലാണു തളിരാടയാണ്; നേരിന്റെ
തെളിവാണു കുളിരുമ്മയാണ്
മഴനാരു പുണരുന്ന കനവൊന്നു തഴുകുമ്പൊ- 
ളുലയുന്ന മരജാല വരമെന്റെ കാവ്
ചിരിയാണു ചിറകാട്ടമാണ്; കാവെന്റെ-
യുടലാണു തുടിതാളമാണ്
പഴമണ്ണിലൊരു തുള്ളി മഴയേറ്റമണമുണ്ടു
ചിരിതൂകി മണിനാഗമിഴയുന്ന കാവ്
തെളിനീരിനുറവാഴമാണ്‌; ദാഹത്തി-
നഴലാറ്റുമഴകറ്റമാണ് 
അറിയാതെ നിഴലിന്റെ മറയത്തു മരുവുന്ന
പല ജീവനുയിരായ കുളമുള്ള കാവ്
ശിലയായി ശവതത്വമായി; പാഴ് ജന്മ- 
വിധിയിൽ തപിക്കുമ്പൊഴെന്നെ 
ശിവസ്വത്വ ശിഖരത്തിനുയരത്തിനുരുവാക്കി-
യുലരാതെ പുലരുന്ന നലമുള്ള കാവ്
പറയാത്ത ഭരദേവിയാണ്; ജീവന്റെ-
യൊരു കുഞ്ഞു നിഴലാട്ടമാണ് 
അധമന്റെ മഴുവേറ്റു മരണത്തിനൊലി കേട്ടു
ഹൃദയം തപിക്കുന്ന മുറിവിന്നു കാവ്
മൃതിയാണ്‌, ശിശുഹത്യയാണ്; നീ തീർക്കു-
മൊരു കാവുമൊരു ലോകമാണ് 
ഇനിയൊന്നു നിവരാതെ നിഴലൊന്നു വിടരാതെ
യുണരാതെയുലയാതെയമരുന്നു കാവ്
കനലായി മഴപെയ്തു തീരും; നീ തീർത്ത
മണിസൗധ സുഖലോകമെല്ലാം 
ഗതകാല ശിലദൈവമുരുകിശ്ശപിക്കുന്നു 
ശവമാകുമൊരു കാവിനഴകില്ലയെങ്കിൽ...!

Thursday, April 16, 2015

തിന്തിനുന്ത തിന്താരെ

തിന്തിനുന്ത തിന്താരെ തക തിന്തകത്താരാ
തിന്തിനുന്ത തിന്താരെ തക തിന്തകത്താരാ
കണ്ണിലിന്നുമിമ്മിണി വെള്ളം പൊടിയണു പെണ്ണേ
സങ്കടങ്ങളില്ലോളമല്ല കടലോളമാണേ
കുഞ്ഞുന്നാളിലുണ്ടു കളിച്ചുമുറങ്ങിയോരല്ലേ
ചങ്കിലിന്നുമൊണ്ടു കിടാത്തി ചിരിക്കണ മോറ്
തിന്തിനുന്ത തിന്താരെ തക തിന്തകത്താരാ
തിന്തിനുന്ത തിന്താരെ തക തിന്തകത്താരാ
മാനത്തു പെരുമീനുദിച്ചതു കണ്ട നെലാവും
മണ്ണപ്പം കണ്ണഞ്ചെരട്ടയില്‍ ചുട്ടൊരു കാവും
കുര്യാല കെട്ടിയ മാവും വരമ്പത്തെക്കൂടും
പിരിയാതെ ക്ടാത്തിയോടൊത്തൊണ്ടു ചങ്കിലന്നിന്നും
തിന്തിനുന്ത തിന്താരെ തക തിന്തകത്താരാ
തിന്തിനുന്ത തിന്താരെ തക തിന്തകത്താരാ
ചെമ്മാനത്തന്തിവെളക്കു തെളിഞ്ഞൊരു നേരം
കൈകൊണ്ടു കണ്ണു മറച്ചു പറഞ്ഞുനീയിഷ്ടം
കിന്നാരം പിന്നെയുമെത്ര പറഞ്ഞു നീ പെണ്ണേ
പുല്ലാനിക്കാട്ടിലെ മണ്ണില്‍ മറഞ്ഞന്നു പോലും.
തിന്തിനുന്ത തിന്താരെ തക തിന്തകത്താരാ
തിന്തിനുന്ത തിന്താരെ തക തിന്തകത്താരാ
ചെഞ്ചോര തുപ്പിനീ വീണതു കണ്ടു ഞാനെന്തേ
കണ്ണില്‍ പരന്നൊരിരുട്ടില്‍ കുഴഞ്ഞു കമഴ്ന്നൂ
അന്തീ വെളിച്ചം പരന്നു തെരഞ്ഞപ്പൊക്കണ്ടൂ
പുല്ലാനിക്കാട്ടിലടക്കിയ ചാവിന്റെ കൂന

തിന്തിനുന്ത തിന്താരെ തക തിന്തകത്താര

Thursday, February 26, 2015

മുടിയാട്ടണം

താനിത്തിന്തിമി താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
താനിത്തിന്തിമി താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
രാമനുഴുതു കൈ കൊഴയണു തീ വരമ്പടി പൊള്ളണൂ
ചാത്തനമ്പടി പൊത്തു തപ്പണു കാരിയെന്നു പുലമ്പണ്
താനിത്തിന്തിമി താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
താനിത്തിന്തിമി താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
പോരെടി പണി കത്തിനിക്കണ നേരമെന്തു തിരുമ്പണ്
ചാരി നിന്നു ചമഞ്ഞു നോക്കണ ചീര നിന്നു ചിരിക്കണ്
താനിത്തിന്തിമി താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
താനിത്തിന്തിമി താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
അപ്പനും പെരുമുത്തനും കരിഞ്ചാത്തനും കരിങ്കാളിയും
തപ്പെടുത്തിട വിത്തിടുന്നിട നിക്കണേ മലമുത്തിയേ
താനിത്തിന്തിമി താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
താനിത്തിന്തിമി താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
കൊച്ചിനും കൊടു കൊട്ടയൊന്നിലു വിത്തിടും പണി നേരത്ത്
പാറ്റിയിച്ചിരു വറ്റെടുത്തു കലത്തിലിറ്റിടു നീലിയേ
താനിത്തിന്തിമി താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
താനിത്തിന്തിമി താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
തട്ടണം പടി കിട്ടണം തടി വെട്ടണം കുടി കെട്ടണം
തിട്ടകെട്ടി കുരുംബവന്നടി മുട്ടണം മുടിയാട്ടണം
താനിത്തിന്തിമി താനിത്തിന്തിമി താനിത്തിന്തിമിത്താനനാ
താനിത്തിന്തിമി താനിത്തിന്തിമി താനിത്തിന്തിമിത്താനനാ