Saturday, May 31, 2014

ഞാൻ ചൊല്ലിയില്ലെന്റെ പെണ്ണെ

കരയിൽ പിടയ്ക്കുന്ന മീനാണു നീയെന്നു
ഞാൻ ചൊല്ലിയില്ലെന്റെ പെണ്ണെ.

കാവിൻ തണുപ്പിലായാമ്പൽ കുളക്കരയി-
ലെന്നെയും ധ്യാനിച്ചിരിക്കെ
നെഞ്ചിൽ പിടച്ചിലും കണ്ണിൽ തിടുക്കവും
കരളിൽ കലക്കവും കണ്ടു.

എങ്കിലും
കരയിൽ പിടയ്ക്കുന്ന മീനാണു നീയെന്നു
ഞാൻ ചൊല്ലിയില്ലെന്റെ പെണ്ണെ.

പാലൊളി തൂകുന്നൊരമ്പിളിപ്പെണ്ണിനെ,
രാപ്പക്ഷിയെയും മറഞ്ഞാ
കാവിന്റെയാഴത്തിലീമാറിനിത്തിരി
ചൂടും പകർന്നു ചാഞ്ഞപ്പോൾ
ഇടി കുടുങ്ങും പോലെയിരു കാതിലും കേട്ടു
ഭയചകിതഘനചടുല നാദം.

എങ്കിലും
കരയിൽ പിടയ്ക്കുന്ന മീനാണു നീയെന്നു
ഞാൻ ചൊല്ലിയില്ലെന്റെ പെണ്ണെ

കനവുകളിലൊരു കദനമാരിയും തീർത്തു നീ-
യൊരു കരം ചേർത്ത നാളെന്നിൽ
അരയന്ന വടിവിൽനിന്നിടയുന്ന മിഴികളാ-
ലൊളിയമ്പു പെയ്തതും കണ്ടൂ.

അപ്പൊഴും
കരയിൽ പിടയ്ക്കുന്ന മീനാണു നീയെന്നു
ഞാൻ ചൊല്ലിയില്ലെന്റെ പെണ്ണെ

ഒരുപാടു നിറകാലമൊരു നീറ്റൊഴുക്കു പോ-
ലൊഴുകി നാമകലങ്ങളായി.
മഴ നനഞ്ഞൊരു കുരുവി ചിറകുകോച്ചും പോലെ
മിഴികളിൽ നൊമ്പരം പേറി
കാവിന്റെ തണലിലായിന്നു നിന്നെ കണ്ടു
ദലമർമ്മരം പോലെ കേട്ടു.
'കരയിൽ പിടയ്ക്കുന്ന മീനാണു നീയെന്നു'
പകരമായ് ഞാനെന്തു ചൊല്ലാൻ..?

ഇപ്പൊഴും
കരയിൽ പിടയ്ക്കുന്ന മീനാണു നീയെന്നു
ഞാൻ ചൊല്ലിയില്ലെന്റെ പെണ്ണെ

പോലുത്തേക്ക്

തിന്തിനുന്ത തിന്തിമി തിന്താരെ തക താതക തിന്താ
തിന്തിനുന്ത തിന്തിമി തിന്താരെ തക താതക തിന്താ

പോലുത്തേക്കേടെടി കുഞ്ഞാള്യേ തക താതക തിന്താ
പോലുത്തേക്കായില്ല കൊച്ചേക്കാ തക താതക തിന്താ
.......................................(തിന്തിനുന്ത തിന്തിമി തിന്താരെ.....)
പോലുത്തേക്കെന്തെടി കുഞ്ഞാള്യേ തക താതക തിന്താ
ചാമ്പലിൽ ചുട്ടൊരു ചീന്യാണേ തക താതക തിന്താ
.......................................(തിന്തിനുന്ത തിന്തിമി തിന്താരെ.....)
കൂട്ടാനിന്നെന്തുവാ കുഞ്ഞാള്യേ തക താതക തിന്താ
കാ‍ന്താരി ചതച്ചതു കൊച്ചേക്കാ തക താതക തിന്താ 
.......................................(തിന്തിനുന്ത തിന്തിമി തിന്താരെ.....)
ഒറ്റാലിലെ നീറുമീനെന്ത്യേടീ തക താതക തിന്താ  
കൊച്ചമ്പ്രാനെടുത്തതു ഞാങ്കണ്ടേ തക താതക തിന്താ
.......................................(തിന്തിനുന്ത തിന്തിമി തിന്താരെ.....)
അമ്പ്രാനും ചാത്തന്റെ മീമ്പേണോ തക താതക തിന്താ 
മീനിന്നു ജാത്യെന്തു കൊച്ചേക്കാ തക താതക തിന്താ
.......................................(തിന്തിനുന്ത തിന്തിമി തിന്താരെ.....)
കൂന്താലിക്കയ്യിങ്ങെടുത്തേടീ തക താതക തിന്താ
അമ്പ്രാനെ വീക്കല്ലേ കൊച്ചേക്കാ തക താതക തിന്താ
.......................................(തിന്തിനുന്ത തിന്തിമി തിന്താരെ.....)
വീക്കല്ലിതു കാച്ചിലു മാന്താനാ തക താതക തിന്താ
ഒള്ളേലിക്കൂത്തിതു കൊച്ചേക്കാ തക താതക തിന്താ
.......................................(തിന്തിനുന്ത തിന്തിമി തിന്താരെ.....)

Friday, May 30, 2014

ക്ടാത്തിയുടെ ചാവ്

താനി തന്തന താനി തന്തന താനി തന്താനോ
താനി തന്തന താനി തന്തന താനി തന്താനോ
നാട്ടുവഴിക്കാറ്റിലോളടെ ചാവു കത്തുമ്പം
ചാത്തമൂട്ടതേറ്റതെന്റെ  നല്ല തമ്പ്രാട്ടീ
ചാവടുത്ത നാളു മൊത്തമെന്റെ ക്ടാത്തിയെ
നോക്കിയമ്പോറ്റിച്ചതാണ് പൊന്നു തമ്പ്രാനും
താനി തന്തന താനി തന്തന താനി തന്താനോ
താനി തന്തന താനി തന്തന താനി തന്താനോ
കൂരിരുട്ടു വീണിടവപ്പാതി പെയ്യുമ്പം
കൂട്ടു വെണമെന്റെ ക്ടാത്തി പൊന്നു തമ്പ്രാനും
കർക്കടകപ്പഞ്ഞനാളൊളിച്ചു വന്നപ്പം 
ക്ടാത്തിയൊന്നു കക്കിയെന്റെ ചങ്കു പൊട്ടീലോ
കാട്ടുതീ കണക്കുകാര്യമാളറിഞ്ഞിട്ടും
ക്ടാത്തിയോൾ ചിരിച്ചു തമ്പ്രാ കൂടെയുണ്ടല്ലോ..
താനി തന്തന താനി തന്തന താനി തന്താനോ
താനി തന്തന താനി തന്തന താനി തന്താനോ
ന്ല്ലാവോളിച്ച രാവിലന്നു പൊന്നു തമ്പ്രാനാ
വേലിയിറമ്പത്തു കണ്ടു ക്ടാത്തിപ്പെണ്ണിനെ
നാലുനാൾ കഴിഞ്ഞ രാവിലെന്റെ മുത്തപ്പാ
ചോരപോയ്‌ പിടഞ്ഞു പെണ്ണ് ചത്തതെന്തിനോ..?        