Friday, August 29, 2014

താനതിന്തിമി താന തിന്താരോ

താനതിന്തിമി താന തിന്താരോ തക താന തിന്താ
താനതിന്തിമി താന തിന്താരോ തക താന തിന്താ
ഞാറ്റുവേലക്കാറ്റടിച്ചാടീയെണിയെന്‍റെ പെണ്ണേ
ഞാറ്റടിപ്പണിയാളടുക്കണ്ടേ തകതാന തിന്താ
.................................(താനതിന്തിമി താന തിന്താരോ...........)
ഞാറ്റുപാട്ടൊത്തോടിയെത്തണ്ടേ കണ്ടംനിറഞ്ഞ-
ങ്ങാടി ഞാറു പറിച്ചു വക്കണ്ടേ തകതാന തിന്താ
.................................(താനതിന്തിമി താന തിന്താരോ...........)
രാവു രാകി വെളുത്ത സൂരിയനും മലമോളിലെത്തീ
ചാവടുത്തു മെലിഞ്ഞു ചന്തിരനും തകതാന തിന്താ
.................................(താനതിന്തിമി താന തിന്താരോ...........)
കാളി നീലി കറുമ്പി കുഞ്ഞോളും പൊടിയന്‍ വെളുമ്പന്‍
രാമനും പണിയൊണ്ടു കണ്ടത്തീ തകതാന തിന്താ
.................................(താനതിന്തിമി താന തിന്താരോ...........)
നേരമായൊണരെന്‍റെ പെണ്ണാളേയെടയണ്ട തമ്പ്രാ
കാടി മോന്താനില്ല തന്തോയം തകതാന തിന്താ
.................................(താനതിന്തിമി താന തിന്താരോ...........)
ചെക്കനും പിന്നെളയ പുള്ളാരും തരിവറ്റു നോക്കി
ത്തട്ടിയിട്ടു പൊടിച്ചു മഞ്ചട്ടീം തകതാന തിന്താ
.................................(താനതിന്തിമി താന തിന്താരോ...........)
ഞാറുപാകി നെറഞ്ഞ കണ്ടത്തീ മുറിയാതെ കിട്ടും
കൂലി നെല്ലൊരു ചങ്ങഴിക്കുഴിയില്‍ തകതാന തിന്താ
.................................(താനതിന്തിമി താന തിന്താരോ...........)
ഞാറ്റുവേലക്കാറ്റടിച്ചാടീയെണിയെന്‍റെ പെണ്ണേ
ഞാറ്റടിപ്പണിയാളടുക്കണ്ടേ തകതാന തിന്താ
.................................(താനതിന്തിമി താന തിന്താരോ...........)

Wednesday, July 30, 2014

കാക്കണേ കരിഞ്ചാത്താ

എന്റെ തൈവേ...
എല്ലക്കല്ലു ചാമീ...
കാക്കണേ കുഞ്ഞു കുട്ടിപ്പരാതീനം...
കാവുവെട്ടീ കൊളം നേത്തീ വന്നേ
നാട്ടിലേ കാടരീ ക്കാട്ടിൽ
കാക്കണേ.. കരിഞ്ചാത്താ..
കാട്ടിലെപ്പാവമീ ചെടിയെ മരത്തിനെ
കാക്കണേ.. കരിഞ്ചാത്താ..
കാക്കണേയെങ്ങളേം നിന്നേം..

താതിന്ത താതിന്ത താതിന്ത തെയ്തോ
താതിന്ത താതിന്ത താതിന്ത തെയ്തോ
താതിന്ത താതിന്ത താതിന്ത തെയ്തോ
താതിന്ത താതിന്ത താതിന്ത തെയ്തോ

ഏടെന്റെ തൈവേ കരിഞ്ചാത്തനേടെ
കരിങ്കാവു കണ്ടിച്ചിടുന്നെന്റെ തൈവേ
ശവക്കോട്ട പോലെ പെരക്കോട്ട കെട്ടാൻ
മുറിച്ചിട്ടു മാവും പിലാവും കവുങ്ങും
..................(താതിന്ത താതിന്ത താതിന്ത തെയ്തോ..........)

പര്യമ്പരത്തിന്നു കാവില്ല ചാത്താ
അന്തിത്തിരി വച്ച മരമില്ല ചാത്താ
പൂമീ തൊരന്നുള്ളു  മാന്തിപ്പെറുക്കീ
പൂവില്ല പൊഴയില്ല പൂഴിയില്ലല്ലോ
..................(താതിന്ത താതിന്ത താതിന്ത തെയ്തോ..........)

പെരക്കോലു കുത്താങ്കെടന്നോട്ടമോടീ
ചതിച്ചില്ല ചാത്താ തൊരന്നില്ല ഞങ്ങൾ
മരം നൊന്ത വേവും നെലം വിണ്ട തീയും
നിരീക്കാനുമയ്യോ കൊടും പേടി ചാത്താ
..................(താതിന്ത താതിന്ത താതിന്ത തെയ്തോ..........)

കുരുപ്പൂ കൊടുത്തൂ കുരുംബമ്മ പണ്ടീ
കുരുത്തപ്പിഴയ്ക്കും കുറുമ്പേറ്റിയോർക്കും
ഒരുപ്പൂവിറുക്കാൻ ചെടിച്ചോടുമില്ലേ
തുണയ്ക്കേണമപ്പാ പെണങ്ങല്ലെയമ്മേ
..................(താതിന്ത താതിന്ത താതിന്ത തെയ്തോ..........)

Tuesday, June 3, 2014

തിന്തിമി തിന്താരെ

തിന്തിമി തിന്താരെ തിന്താരെ തിന്തിമി തിന്താരെ..
തിന്തിമി തിന്താരെ തിന്താരെ തിന്തിമി തിന്താരെ..
തിന്തകപ്പാടം വെളഞ്ഞു കെടക്കണ ചന്തമി തിന്താരെ
തിന്തകപ്പാടത്തു കേക്കണ പാട്ടിനും ചന്തമി തിന്താരെ
.......................................(തിന്തിമി തിന്താരെ തിന്താരെ ..........)
തിന്തകപ്പാടത്തു കൊയ്യണ കയ്യിനും ചന്തമി തിന്താരെ
കൊയ്യണ കറ്റ മെതിക്കണ കാലിനും ചന്തമി തിന്താരെ
.......................................(തിന്തിമി തിന്താരെ തിന്താരെ ..........)
നെല്ലു പുഴുങ്ങുമച്ചീര ചിരിക്കണ ചന്തമി തിന്താരെ
നെല്ലു നെരത്തണ കോരു നടക്കണ ചന്തമി തിന്താരെ
.......................................(തിന്തിമി തിന്താരെ തിന്താരെ ..........)
വെറ്റ മുറുക്കണ നാണിയിരിക്കണ ചന്തമി തിന്താരെ
നാണിയെ നോക്കി ചിരിക്കണ തമ്പ്രാന്റെ ചന്തമി തിന്താരെ..
.......................................(തിന്തിമി തിന്താരെ തിന്താരെ ..........)
തമ്പ്രാന്റെ മോത്തേക്കു കാർക്കിച്ചു തുപ്പണ ചന്തമി തിന്താരെ
നാണിയെ നോക്കി വളിക്കണ തമ്പ്രാന്റെ ചന്തമി തിന്താരെ
.......................................(തിന്തിമി തിന്താരെ തിന്താരെ ..........)
തെക്ക് വടക്കോട്ട്‌ പായണ തമ്പ്രാന്റെ ചന്തമി തിന്താരെ
പാച്ചിലിൽ ചേനക്കുഴീലോട്ടു വീഴണ ചന്തമി തിന്താരെ..
.......................................(തിന്തിമി തിന്താരെ തിന്താരെ ..........)
വേല നടക്കണ നേരത്ത് വേലയ്ക്കു ചന്തമി തിന്താരെ
വേല വലയ്ക്കണ നേരത്തും വേലയ്ക്കു ചന്തമി തിന്താരെ..
.......................................(തിന്തിമി തിന്താരെ തിന്താരെ ..........)
അമ്മുവും ചക്കിയും കുത്തണ നെല്ലിനും ചന്തമി തിന്താരെ
അങ്ങോട്ടുമിങ്ങോട്ടും ചാഞ്ഞിടിക്കണ ചന്തമി തിന്താരെ..
.......................................(തിന്തിമി തിന്താരെ തിന്താരെ ..........)
അങ്ങോട്ടുമിങ്ങോട്ടും ചാഞ്ഞിടിക്കണ ചന്തമി തിന്താരെ
അമ്മുവും ചക്കിയും ചേർന്നിടിക്കണ ചന്തമി തിന്താരെ..
.......................................(തിന്തിമി തിന്താരെ തിന്താരെ ..........)

Saturday, May 31, 2014

ഞാൻ ചൊല്ലിയില്ലെന്റെ പെണ്ണെ

കരയിൽ പിടയ്ക്കുന്ന മീനാണു നീയെന്നു
ഞാൻ ചൊല്ലിയില്ലെന്റെ പെണ്ണെ.

കാവിൻ തണുപ്പിലായാമ്പൽ കുളക്കരയി-
ലെന്നെയും ധ്യാനിച്ചിരിക്കെ
നെഞ്ചിൽ പിടച്ചിലും കണ്ണിൽ തിടുക്കവും
കരളിൽ കലക്കവും കണ്ടു.

എങ്കിലും
കരയിൽ പിടയ്ക്കുന്ന മീനാണു നീയെന്നു
ഞാൻ ചൊല്ലിയില്ലെന്റെ പെണ്ണെ.

പാലൊളി തൂകുന്നൊരമ്പിളിപ്പെണ്ണിനെ,
രാപ്പക്ഷിയെയും മറഞ്ഞാ
കാവിന്റെയാഴത്തിലീമാറിനിത്തിരി
ചൂടും പകർന്നു ചാഞ്ഞപ്പോൾ
ഇടി കുടുങ്ങും പോലെയിരു കാതിലും കേട്ടു
ഭയചകിതഘനചടുല നാദം.

എങ്കിലും
കരയിൽ പിടയ്ക്കുന്ന മീനാണു നീയെന്നു
ഞാൻ ചൊല്ലിയില്ലെന്റെ പെണ്ണെ

കനവുകളിലൊരു കദനമാരിയും തീർത്തു നീ-
യൊരു കരം ചേർത്ത നാളെന്നിൽ
അരയന്ന വടിവിൽനിന്നിടയുന്ന മിഴികളാ-
ലൊളിയമ്പു പെയ്തതും കണ്ടൂ.

അപ്പൊഴും
കരയിൽ പിടയ്ക്കുന്ന മീനാണു നീയെന്നു
ഞാൻ ചൊല്ലിയില്ലെന്റെ പെണ്ണെ

ഒരുപാടു നിറകാലമൊരു നീറ്റൊഴുക്കു പോ-
ലൊഴുകി നാമകലങ്ങളായി.
മഴ നനഞ്ഞൊരു കുരുവി ചിറകുകോച്ചും പോലെ
മിഴികളിൽ നൊമ്പരം പേറി
കാവിന്റെ തണലിലായിന്നു നിന്നെ കണ്ടു
ദലമർമ്മരം പോലെ കേട്ടു.
'കരയിൽ പിടയ്ക്കുന്ന മീനാണു നീയെന്നു'
പകരമായ് ഞാനെന്തു ചൊല്ലാൻ..?

ഇപ്പൊഴും
കരയിൽ പിടയ്ക്കുന്ന മീനാണു നീയെന്നു
ഞാൻ ചൊല്ലിയില്ലെന്റെ പെണ്ണെ

പോലുത്തേക്ക്

തിന്തിനുന്ത തിന്തിമി തിന്താരെ തക താതക തിന്താ
തിന്തിനുന്ത തിന്തിമി തിന്താരെ തക താതക തിന്താ

പോലുത്തേക്കേടെടി കുഞ്ഞാള്യേ തക താതക തിന്താ
പോലുത്തേക്കായില്ല കൊച്ചേക്കാ തക താതക തിന്താ
.......................................(തിന്തിനുന്ത തിന്തിമി തിന്താരെ.....)
പോലുത്തേക്കെന്തെടി കുഞ്ഞാള്യേ തക താതക തിന്താ
ചാമ്പലിൽ ചുട്ടൊരു ചീന്യാണേ തക താതക തിന്താ
.......................................(തിന്തിനുന്ത തിന്തിമി തിന്താരെ.....)
കൂട്ടാനിന്നെന്തുവാ കുഞ്ഞാള്യേ തക താതക തിന്താ
കാ‍ന്താരി ചതച്ചതു കൊച്ചേക്കാ തക താതക തിന്താ 
.......................................(തിന്തിനുന്ത തിന്തിമി തിന്താരെ.....)
ഒറ്റാലിലെ നീറുമീനെന്ത്യേടീ തക താതക തിന്താ  
കൊച്ചമ്പ്രാനെടുത്തതു ഞാങ്കണ്ടേ തക താതക തിന്താ
.......................................(തിന്തിനുന്ത തിന്തിമി തിന്താരെ.....)
അമ്പ്രാനും ചാത്തന്റെ മീമ്പേണോ തക താതക തിന്താ 
മീനിന്നു ജാത്യെന്തു കൊച്ചേക്കാ തക താതക തിന്താ
.......................................(തിന്തിനുന്ത തിന്തിമി തിന്താരെ.....)
കൂന്താലിക്കയ്യിങ്ങെടുത്തേടീ തക താതക തിന്താ
അമ്പ്രാനെ വീക്കല്ലേ കൊച്ചേക്കാ തക താതക തിന്താ
.......................................(തിന്തിനുന്ത തിന്തിമി തിന്താരെ.....)
വീക്കല്ലിതു കാച്ചിലു മാന്താനാ തക താതക തിന്താ
ഒള്ളേലിക്കൂത്തിതു കൊച്ചേക്കാ തക താതക തിന്താ
.......................................(തിന്തിനുന്ത തിന്തിമി തിന്താരെ.....)

Friday, May 30, 2014

ക്ടാത്തിയുടെ ചാവ്

താനി തന്തന താനി തന്തന താനി തന്താനോ
താനി തന്തന താനി തന്തന താനി തന്താനോ
നാട്ടുവഴിക്കാറ്റിലോളടെ ചാവു കത്തുമ്പം
ചാത്തമൂട്ടതേറ്റതെന്റെ  നല്ല തമ്പ്രാട്ടീ
ചാവടുത്ത നാളു മൊത്തമെന്റെ ക്ടാത്തിയെ
നോക്കിയമ്പോറ്റിച്ചതാണ് പൊന്നു തമ്പ്രാനും
താനി തന്തന താനി തന്തന താനി തന്താനോ
താനി തന്തന താനി തന്തന താനി തന്താനോ
കൂരിരുട്ടു വീണിടവപ്പാതി പെയ്യുമ്പം
കൂട്ടു വെണമെന്റെ ക്ടാത്തി പൊന്നു തമ്പ്രാനും
കർക്കടകപ്പഞ്ഞനാളൊളിച്ചു വന്നപ്പം 
ക്ടാത്തിയൊന്നു കക്കിയെന്റെ ചങ്കു പൊട്ടീലോ
കാട്ടുതീ കണക്കുകാര്യമാളറിഞ്ഞിട്ടും
ക്ടാത്തിയോൾ ചിരിച്ചു തമ്പ്രാ കൂടെയുണ്ടല്ലോ..
താനി തന്തന താനി തന്തന താനി തന്താനോ
താനി തന്തന താനി തന്തന താനി തന്താനോ
ന്ല്ലാവോളിച്ച രാവിലന്നു പൊന്നു തമ്പ്രാനാ
വേലിയിറമ്പത്തു കണ്ടു ക്ടാത്തിപ്പെണ്ണിനെ
നാലുനാൾ കഴിഞ്ഞ രാവിലെന്റെ മുത്തപ്പാ
ചോരപോയ്‌ പിടഞ്ഞു പെണ്ണ് ചത്തതെന്തിനോ..?        