Saturday, May 31, 2014

ഞാൻ ചൊല്ലിയില്ലെന്റെ പെണ്ണെ

കരയിൽ പിടയ്ക്കുന്ന മീനാണു നീയെന്നു
ഞാൻ ചൊല്ലിയില്ലെന്റെ പെണ്ണെ.

കാവിൻ തണുപ്പിലായാമ്പൽ കുളക്കരയി-
ലെന്നെയും ധ്യാനിച്ചിരിക്കെ
നെഞ്ചിൽ പിടച്ചിലും കണ്ണിൽ തിടുക്കവും
കരളിൽ കലക്കവും കണ്ടു.

എങ്കിലും
കരയിൽ പിടയ്ക്കുന്ന മീനാണു നീയെന്നു
ഞാൻ ചൊല്ലിയില്ലെന്റെ പെണ്ണെ.

പാലൊളി തൂകുന്നൊരമ്പിളിപ്പെണ്ണിനെ,
രാപ്പക്ഷിയെയും മറഞ്ഞാ
കാവിന്റെയാഴത്തിലീമാറിനിത്തിരി
ചൂടും പകർന്നു ചാഞ്ഞപ്പോൾ
ഇടി കുടുങ്ങും പോലെയിരു കാതിലും കേട്ടു
ഭയചകിതഘനചടുല നാദം.

എങ്കിലും
കരയിൽ പിടയ്ക്കുന്ന മീനാണു നീയെന്നു
ഞാൻ ചൊല്ലിയില്ലെന്റെ പെണ്ണെ

കനവുകളിലൊരു കദനമാരിയും തീർത്തു നീ-
യൊരു കരം ചേർത്ത നാളെന്നിൽ
അരയന്ന വടിവിൽനിന്നിടയുന്ന മിഴികളാ-
ലൊളിയമ്പു പെയ്തതും കണ്ടൂ.

അപ്പൊഴും
കരയിൽ പിടയ്ക്കുന്ന മീനാണു നീയെന്നു
ഞാൻ ചൊല്ലിയില്ലെന്റെ പെണ്ണെ

ഒരുപാടു നിറകാലമൊരു നീറ്റൊഴുക്കു പോ-
ലൊഴുകി നാമകലങ്ങളായി.
മഴ നനഞ്ഞൊരു കുരുവി ചിറകുകോച്ചും പോലെ
മിഴികളിൽ നൊമ്പരം പേറി
കാവിന്റെ തണലിലായിന്നു നിന്നെ കണ്ടു
ദലമർമ്മരം പോലെ കേട്ടു.
'കരയിൽ പിടയ്ക്കുന്ന മീനാണു നീയെന്നു'
പകരമായ് ഞാനെന്തു ചൊല്ലാൻ..?

ഇപ്പൊഴും
കരയിൽ പിടയ്ക്കുന്ന മീനാണു നീയെന്നു
ഞാൻ ചൊല്ലിയില്ലെന്റെ പെണ്ണെ

No comments:

Post a Comment